കേരളം നമ്പര്‍ വണ്‍ ആണോ  ?

കേരളത്തിലെ പൊതുജനാരോഗ്യസംവിധാനം രാജ്യത്തെ ഏറ്റവും മികച്ചതാണെന്നും സ്വകാര്യ മേഖലയോട് നേര്‍ക്കുനേര്‍ മത്സരിക്കാവുന്നത്രയും വികസിതമായ ആരോഗ്യ സംവിധാനമാണ് നമ്മുടേതെന്നുമുള്ള അവകാശവാദത്തിന് പതിറ്റാണ്ടുകളുടെ പ്രായമുണ്ട്. ഒപ്പം തന്നെ ജീവിത നിലവാരത്തിലും  സാമൂഹികാവബോധത്തിലും ചെറു സംസ്ഥാനമായ കേരളം ലോകനിലവാരം കൈവരിച്ചതെങ്ങനെ എന്ന ചര്‍ച്ചയും പുതിയതല്ല.  കേരളത്തിന്‍റെ  ഈ നേട്ടങ്ങളുടെ വിമര്‍ശകരും കുറവല്ല. എന്താണ് ഈ അവകാശവാദത്തിന്‍റേയും വിമര്‍ശത്തിന്‍റേയും അടിസ്ഥാനം ?  ആരോഗ്യമേഖലയിലും കേരള വികസന മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിഷയവിദഗ്ദ്ധര്‍ ഒ ബി സി യുടെ സംവാദ പരമ്പരകളില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയാണ് ഇവിടെ.

അവകാശം എന്നതില്‍ നിന്നും  വിലകൊടുത്തു വാങ്ങാവുന്ന ചരക്ക് എന്ന നിലയിലേക്കുള്ള ആരോഗ്യത്തിന്‍റെ പരിണാമമാണ് കണ്ണൂർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ എ കെ  ജയശ്രീ ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയായിചൂണ്ടിക്കാണിക്കുന്നത്  ആശുപത്രികളുടെ സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമായി ചികിത്സാച്ചെലവ് കൂടിയതോടെയാണ് പ്രതിശീര്‍ഷ ആരോഗ്യ ചെലവ് വലിയതോതില്‍ വർധിച്ചതെന്ന് ഡോ. ജയശ്രീ വിലയിരുത്തുന്നു.  ഇതിനെ  മറികടക്കാന്‍ വലിയ സാമ്പത്തിക ഞെരുക്കത്തിനിടയിലും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്നതാണ് കേരളത്തിന്‍റെ സവിശേഷത. ആർദ്രം മിഷന്‍റെ ഭാഗമായി സര്‍ക്കാര്‍ തന്നെ  മരുന്നുകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതടക്കമുള്ള സേവനങ്ങൾ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്. അധികാര വികേന്ദ്രീകരണത്തിന്‍റെ ഭാഗമായി തദ്ദേശബറണ സ്ഥാപനങ്ങള്‍ക്കും ഇതില്‍ ഒരു വലിയ പങ്കുവഹിക്കാൻ പറ്റുന്നു എന്നത് ചെറിയ കാര്യമല്ല .  കോവിഡ് സമയത്ത് പോലും മാതൃകയാകും വിധം  കേരളത്തിന് പ്രവർത്തിക്കാന്‍ സാധിച്ചത് ഈ  വികേന്ദ്രീകൃത സമീപനം  കൊണ്ടാണ് എന്നതിൽ സംശയമില്ല. അതുപോലെ ലോകത്തിനുതന്നെ മാതൃകയായ സാന്ത്വന പരിചരണ  സംവിധാനവും പ്രശംസനീയമാണ്.

സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ പൊതു ആരോഗ്യ മേഖലയിൽ ത്രിതല സംവിധാനമാണ് നമ്മൾ വിഭാവനം ചെയ്തിട്ടുള്ളത്. താഴെ തട്ടില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും അവക്കു മുകളില്‍ താലൂക്ക് ആശുപത്രികളും ജില്ലാ ആശുപത്രികളും ഏറ്റവും മുകളിലായി  മെഡിക്കൽ കോളേജുകളും  എന്ന നിലയിലാണ് ഈ സജ്ജീകരണം.  ഈ ത്രിതല സംവിധാനത്തെ ആശ്രയിക്കുകയാണെങ്കിൽ അസുഖങ്ങൾക്ക് നേരിട്ട് മെഡിക്കൽ കോളേജിൽ പോകേണ്ട ആവശ്യം നമുക്കില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ തന്നെ ചെറിയ അസുഖങ്ങള്‍ക്ക് ചികിത്സയും നിർദ്ദേശങ്ങളും ലഭ്യമാകും.

അതേ സമയം കുടുംബഡോക്ടർ എന്നു സങ്കൽപമോ സംവിധാനമോ നിലവിലില്ല എന്നത് ചെറിയ രോഗങ്ങള്‍ക്കുപോലും സൂപ്പർ സ്പെഷ്യലിസ്റ്റുകളെ കാണേണ്ടുന്ന ഒരു സംസ്കാരത്തിലേക്ക് നമ്മളെ കൊണ്ടെത്തിച്ചിട്ടുണ്ട് . ഒരു അസുഖത്തിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കാണുകയും അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം മാത്രം മറ്റ് ഡോക്ടർമാരെ കാണുകയും ചെയ്യുന്ന ഒരു സമ്പ്രദായമോ വികേന്ദ്രീകൃത സംവിധാനമോ ഒരുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. അതുപോലെ തന്നെ എല്ലാ ആശുപത്രികൾക്കും വികസന സമിതികൾ ഉണ്ട്, ഈ വികസന സമിതികളിൽ ജനപ്രതിനിധികളും ഉണ്ട്, ആ ജനപ്രതിനിധികൾക്ക്, വേണ്ട പ്രശ്നങ്ങൾ മനസ്സിലാക്കി ഇടപെടാൻ കഴിയുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതാണെന്നും ഡോ. ജയശ്രീ അഭിപ്രായപ്പെടുന്നു. 

ഡോ ജയശ്രീ ഉന്നയിക്കുന്ന മറ്റൊരു പ്രധാനപെട്ട വിഷയം ലിംഗ നീതിയുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന വെല്ലുവിളികളാണ്.  ആശമാര്‍, നഴ്സുമാർ തുടങ്ങിയ തൊഴില്‍വിഭാഗങ്ങളുടെ അവശ്യസേവനങ്ങള്‍ തുച്ഛവേതനത്തിൽ ലഭ്യമാക്കുന്ന ഒരര്‍ത്ഥത്തില്‍ അവരുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്തുപോരുന്ന ഈ വ്യവസ്ഥയുമായി ഇനിയും മുന്നോട്ടുപോകാനാവില്ല. അവകാശ അവബോധമുള്ള തൊഴിലാളികളാണ് ഉണ്ടായിവരുന്നത്.  അതുകൊണ്ടുതന്നെ  വരുംകാലങ്ങളിൽ  കേരളത്തിന്‍റെ ആരോഗ്യ മേഖലയിൽ സേവനങ്ങളുടെ ചെലവിൽ വരാനിരിടയുള്ള മാറ്റം വലിയ പ്രതിസന്ധിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

സ്വകാര്യ ആശുപത്രികളിലെ സേവനങ്ങളോ ചികിത്സാക്രമമോ നിയന്ത്രിക്കുന്നതിനായുള്ള കാര്യമായ നിയമ സംവിധാങ്ങള്‍ ഇല്ല എന്നത്  മറ്റൊരു പോരായ്മയാണ്.ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ട്  പരിഷ്കരിച്ചോ അല്ലാതെയോ ഒരു നിയന്ത്രണചട്ടം കൊണ്ടുവരേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യവുമാണ്. ഉദാഹരണത്തിന് ഗർഭച്ഛിദ്രനും, വന്ധ്യതാചികിത്സക്കുമെല്ലാം ഇപ്പോഴുള്ള ഭീമമായ ചെലവില്‍ കുറവുണ്ടാകണമെങ്കില്‍ ഇത്തരം നിയമനിര്‍മ്മാണം അനിവാര്യമായി വരുമെന്നും ഡോ. ജയശ്രീ അഭിപ്രായപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *